നെടുങ്കണ്ടം: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് കട്ടപ്പന സരസ്വതി സ്കൂളില്‍ നടന്നു. ജില്ലയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന അഞ്ചു കളരികളില്നിന്നായി 53 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ചുവടുകള്‍, മെയ് പയറ്റ്, കെട്ടുകാരി, ഫെന്‍സിംഗ്, വാളും പരിചയും, ഉറുമിവീശല്‍, ഉറുമിപ്പയറ്റ്, കത്തിയും വെറും കൈയും, കൈപ്പോര്, ചവിട്ടിപ്പൊങ്ങല്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടന്നു.
ജൂണിയര്‍, സബ് ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ആദി ബ്രഹ്മോദയം കളരി, കാരിക്കോട്ട് കളരി സംഘം, കോക്കാട്ടില്‍ കളരി സംഘം, ഗുരു മംഗലം സിവിഎന്‍ കളരി, സദ്ഗമയ കളരി സംഘം എന്നീ കളരികളില്നിന്നുമാണ് മത്സരാര്‍ഥികള്‍ എത്തിയത്.
ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം അഡ്വ. സേനാപതി വേണു എംഎല്‍എ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് അംഗം മിനി പ്രിന്‍സ് നിര്‍വഹിച്ചു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.ടി. ബാബു ആശാന്, ജില്ലാ സെക്രട്ടറി ജി.കെ. രാജശേഖരന് ഗുരുക്കള്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാബുരാജ് ഗുരുക്കള്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലര്‍ ജേക്കബ് തോമസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.